
പട്ന: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സർക്കാർ അധ്യാപക ജോലി നേടിയ 3,000ത്തിലധികം പേരെ സർവീസിൽ നിന്ന് പുറത്താക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. 2006 മുതൽ 2015 വരെയുള്ള അധ്യാപക നിയമനങ്ങളിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണത്തിൽ, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചും മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയും നിരവധി പേർ അധ്യാപക നിയമനം നേടിയതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി അറിയിച്ചു.
ജോലിയിൽ തുടരുന്നവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ ഉടൻ ആരംഭിക്കുമെന്നും, അനധികൃതമായി ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അച്ചടക്ക നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ചില അധ്യാപകർ രാജിവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജിവെച്ചവർക്കും നിയമനത്തിലെ ക്രമക്കേടുകളുടെ പേരിൽ വകുപ്പുതല നടപടികളും മറ്റ് നിയമനടപടികളും നേരിടേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു.










